സ്വപാനം നിരൂപണം - Swapaanam Malayalam Movie Review

ഡീഗൊ അമാന്റോ മറഡോണ. ലോകം കണ്ട എറ്റവും മികച്ച ഫുട്‌ബോൾ കളിച്ച കളിക്കാരൻ... മറഡോണയുടെ ജീവിതം നമുക്കെല്ലാം അറിയാവുന്നതാണ്. മയക്കുമരുണ്ണിന്റെ അടിമയായി തന്നെതന്നെ നരകിപ്പിച്ചവൻ.

എല്ലാ കലാകാരന്മാരും ഇങ്ങനെയാണോ? കലയുടെ പൂർണത ഭ്രാന്തിലാണോ?

On Story

ചെണ്ട വാദ്യക്കാരൻ ഉണ്ണി (Jayaram), കലയെ ഉപാസിക്കുന്ന മിക്കവരെയും പൊലെ, തന്റെ ചെണ്ടവാദ്യത്തെ പരമാവധി ഉയരങ്ങളിലെക്കെത്തിക്കാൻ ആഗ്രഹിക്കുന്നു, ചെണ്ടയുടെ സാധ്യതകളുടെ അറ്റം വരെ പോകാനും അതിലൂടെ സ്വയം പൂർണത നേടാനും ആഗ്രഹിക്കുന്നു. ജേഷ്ടനാൽ പരിശീലിപ്പിക്കപ്പെട്ട ചെണ്ടവാദ്യത്തിന്റെ ആദ്യനാളുകളിൽ 'ശുംഭൻ' എന്ന വിശേഷണമാണു ഉണ്ണിക്കു മിക്കപ്പോഴും കിട്ടുന്നത്. അത് ഉണ്ണിയുടെ ചെണ്ടയുടെ മേലുള്ള അഭിനിവേശം കൂട്ടുന്നു. നല്ല ചെണ്ടക്കാരനാവുക എന്നുള്ളത് അയാളിൽ ഒരു ഭയങ്കര അഭിലാഷമായി രൂപപ്പെടുന്നു. അയാൾ ആത്മാർഥമായി പരിശീലിക്കുന്നു. തന്നെ മറന്നുള്ള പരിശീലനം അയാളെ ചിലപ്പൊൾ ഭ്രാന്തിന്റെ അവസ്ഥകളിലേക്കെത്തിക്കുന്നു. പക്ഷേ അയാൾ ചെണ്ടയിൽ പുതിയ ഭാവങ്ങൾ കൊണ്ടു വരുന്നതിൽ വിജയിക്കുന്നു, ഒരു ചെണ്ട വിദ്വാനാകുന്നു. ഉണ്ണി ഇങ്ങനെ ചെണ്ടയുടെ ഭ്രാന്ത ലഹരിയിൽ ജീവിച്ചു പോകുന്ന കാലയളവിലാണു ഒരു പെണ്ണിനെ, നളിനിയെ (kaadambari) കാണാൻ ഇടയാവുന്നത്. നളിനി മോഹിനിയാട്ടത്തിന്റെ ലഹരി ബാധിച്ചു മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാതെ വട്ടിന്റെ വക്കത്തു നിൽക്കുന്ന ഒരു പെണ്ണാണ്. അവർ സുഹൃത്തുക്കളാവുന്നു. രണ്ട് പേരും കലയുടെ ലഹരി നുകർന്നവർ, സമാന മനസ്‌ക്കർ, ഒരാൽ മറ്റെയാളിൽ അവനവനെ തന്നെ കാണുന്നു, ഇഴ പിരിക്കാനവാത്ത വിധത്തിലുള്ള ഒരു ആത്മബന്ധം അവർക്കിടയിൽ ഉണ്ടാവുന്നു. അവരുടെ കല ഈ ഒന്നിക്കലിൽ പൂത്തുലയുന്നു, ഉണ്ണി പുതിയ അനുഭൂതികൾ ചെണ്ടയിൽ സൃിഷ്ടിക്കുന്നു. മോഹിനിയാട്ടത്തിൽ നളിനിയും. ഉണ്ണിയുടെ വാദ്യം ആൾക്കാർ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. ക്ഷേത്ര സദസ്സുകളിൽ അംഗീകാരങ്ങൾ ഉണ്ണിയെ തേടിയെത്തുന്നു.

അവരുടെ ബന്ധം ശാരീരിക തലത്തിലേക്ക് തിരിയുമ്പോൾ അവളുടെ ഏട്ടൻ നാരായണൻ നമ്പൂതിരി (Siddique) അതു കാണുന്നു. ഏട്ടൻ ഉണ്ണിയെ ആട്ടിയോടിക്കുന്നു. നളിനിയെ വേറെ ഒരുത്തനു വിവാഹം കഴിച്ചു കൊടുക്കുന്നു. പക്ഷേ വിവാഹം കഴിച്ചവൻ ഒരു നപുംസകമാണെന്നു ആദ്യരാത്രിയിൽ മനസ്സിലാകുന്നു.

പിന്നെ അധിക സിനിമകളിലും, പ്രത്യേകിച്ചു കമലദളത്തിലൊക്കെ കണ്ടതു പോലെ, അവളുമൊത്തുള്ള സായൂജ്യ നിമിഷങ്ങൾ അയവിറക്കി ഉണ്ണി ജീവിക്കുന്നു. ഉണ്ണിയുമൊത്തുള്ള മനോഹരനിമിഷങ്ങൾ അയവിറക്കി അവളും... ഇങ്ങനെയൊക്കെയാണ് കഥ.

Opinion

കലയെയും കലാകാരനെയും കുറേക്കൂടെ ആഴത്തിൽ അവതരിപ്പിച്ചിട്ടുണ്ട്, മറഡോണയുടെ കാര്യം പറഞ്ഞതു പോലെ തന്റെ മേഖലയിൽ അസാമാന്യ നിലകൾ എത്തി പിടിക്കാൻ വെമ്പുമ്പോൾ  മനസ്സു ഭ്രാന്തമായ അവസ്ഥയിൽ എത്തുന്നു, സ്ഥലകാലബോധം നഷ്ടപ്പെടുന്നു, ദൈനംദിന ജീവിതതിന്റെ താളം തെറ്റുന്നു. മറ്റുള്ളവരുടെ കണ്ണിൽ ഭ്രാന്തനാവുന്നു.

പിന്നെ മനുഷ്യന്റെ അംഗീകാരത്തിനും പൂർണതക്കും ജന്മസാഫല്യത്തിനും വേണ്ടിയുള്ള ആവേശം, ചിലപ്പോൾ മൂത്തു ഭ്രാന്തിന്റെ അവസ്ഥയിൽ എത്തുന്നു.

എന്റെ സംശയം ഇവർക്കു ഭ്രാന്താണെന്നു പുറമേ കാണുന്നവർക്കു തോന്നുന്നതാണോ? ഈ നിലയിൽ ജീവിക്കുന്നവർക്കു ഭ്രാന്താണൊ? അവരുടെ കലയൊടുള്ള ഉപാസന ഒരു ഘട്ടം കഴിയുമ്പോൾ മറ്റുള്ളവർക്കു മനസ്സിലാവാത്തതാണോ?

നാരായണൻ നമ്പൂതിരിയും അയാളുടെ അനുജത്തി നളിനിയും തമ്മിലുള്ള മനസ്സിന്റെ അന്തരം, വലിയ പഠിത്തമുണ്ടായിട്ടും അനുജത്തിക്കു ഏറ്റവും നല്ലതു വരണം എന്നു വിചാരിക്കുന്ന ആളായിട്ടും അനുജത്തിയുടെ കാര്യത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും തെറ്റിപ്പോവുന്ന നിലയിലുള്ള മാനസിക അന്തരം, നമ്മുടെ സമൂഹത്തിൽ സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. മനസ്സിന്റെ വിസ്മയങ്ങൾ...

ഇ ചിത്രത്തിന്റെ  highlight എന്നു പറയാവുന്നത് നമുക്കു കാട്ടിതരുന്ന മോഹിനിയാട്ടതിന്റെ ലാസ്യ ഭാവങ്ങളാണ്. മോഹിനിയാട്ടം എത്ര മാത്രം സൗന്തര്യമുള്ളതാണെന്നു ഈ സിനിമ നമുക്കു കാട്ടിത്തരുന്നു. ചെണ്ടക്കും പുതിയ അനുഭൂതികൽ നമ്മുടെ ഉള്ളിൽ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. കലാകാരന്റെ മനസ്സാണ് വാദ്യ ഉപകരണങ്ങളെക്കാൾ പ്രധാനം എന്നു നായകൻ പറയുന്നു. നല്ല ചെണ്ടക്കാരനു തന്റെ ചെണ്ടയിൽ ഇടക്കയുടേതിനെക്കാൾ മികച്ച അനുഭൂതികൾ സൃഷ്ടിക്കാൻ ആവും എന്നു ഈ സിനിമ പറയുന്നു, അസുരവാദ്യമായ ചെണ്ടക്കു സ്ഥാനം പുറത്താണെങ്കിലും.

പക്ഷേ ഒരു സീനിൽ ചെണ്ടയുടെയും ഇടക്കയുടെയും ശബ്ദം ഒന്നിച്ചു കേൾപ്പിക്കുന്നുണ്ട്, അതു കേട്ടാൽ നമുക്കു ചെണ്ട പുറത്തു തന്നെയാണ് നിൽക്കേണ്ടത് എന്നു തോന്നും, കാരണം ഇടക്കയുടെ ശബ്ദം ചെണ്ടയുടെതിനെക്കാൾ അതിമനോഹരം തന്നെ.

ഈ സിനിമക്കു കുറേ ഘടകങ്ങൾ ഉള്ളതായി തോന്നി, വത്യസ്തമായ സംഗീത ഉപകരണങ്ങൾ ഒരു കച്ചേരി സൃഷ്ടിക്കുന്നതു പോലെ ഇതിലെ ഓരോ ഘടകവും സിനിമക്കു പൂർണത നൽകാൻ ശ്രമിക്കുന്നു. ഒരു ഘടകം ചിലർക്കു ആത്മ ഉപാസനയും ചിലർക്കു വയറ്റുപിഴപ്പുമായ കലയുടെതാണ്, ഒരു ഘടകം അതിജീവനവും ബന്ധങ്ങളുമൊക്കെയുള്ള ജീവിതതിന്റെ, ഒരു ഘടകം സ്ര്തീ പുരുഷ ബന്ധത്തിന്റെ, ഒരു ഘടകം ഭ്രാന്തിന്റെ... ഒരൊ ഘടകത്തിനും അതിന്റേതായ നിലയിൽ പൂർണത ഉണ്ട്. പക്ഷേ ഈ ഘടകങ്ങൾ എല്ലാം നല്ല രീതിയിൽ ഇഴുകിച്ചേർന്നോ എന്നു സംശയമാണ്. എല്ലാം കൂടി ഒന്നിക്കുമ്പോൾ ഒരു പൂർണത വരാത്തതു പോലെ..

ഇതിൽ നന്നായി അഭിനയിച്ചിരിക്കുന്നതു സിദ്ദീക്കും വിനീതും (old Vineeth) ആണ്. നപുംസകത്തിന്റെ വേഷം വിനീത് അതി മനോഹരമാക്കി. കഥാപാത്രത്തിനു മികച്ച രീതിയിൽ പൂർണത നൽകാൻ വിനീതിനു കഴിഞ്ഞു. സിദ്ദീക്കും സുന്ദരമായ അഭിനയം കഴ്ചവച്ചു. ഈ അഭിനയത്തിനു ഒരു സഹനടനുള്ള അവാർഡ് സിദ്ദിക്കുിനു ചിലപ്പൊ കിട്ടിയേക്കും. ജയറാം ചെണ്ടമേളത്തിന്റെ സീനുകളിൽ വളരെ മികച്ചു നിന്നു, ചെണ്ടക്കാരനായതു കൊണ്ടാവാം. മറ്റുള്ള അവസരങ്ങളിൽ അത്ര മികച്ചതായി തൊന്നിയില്ല, പ്രത്യേകിച്ചു നളിനിയുമായുള്ള റൊമാന്റിക്ക് സീനുകളിൽ.എന്നിരുന്നാലും സിനിമക്കു മുതൽകൂട്ടാവുന്ന പ്രകടനം തന്നെയാണു ജയറാം കാഴ്ചവച്ചത്.

ശുദ്ധമായ ഒരു കലാസ്രിഷ്ടി എന്നു ഈ സിനിമയെ പറ്റി പറയാം. ഇതിൽ ഉൾപ്പെട്ട കലകളെ (മോഹിനിയാട്ടം, ചെണ്ട) വളരേ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തനിമയുള്ള ദക്ഷിണേന്ത്യയിലെ ആദി കലകളെ അടിസഥാനപ്പെടുത്തി ഒരു സിനിമ എടുക്കുക എന്ന ഗംഭീര ഉദ്യമം സാക്ഷാത്കരിച്ചിരിക്കുകയാണു ഷാജി എൻ കരുൺ. ഇതു വളരെ പ്രശംസനീയമായ കാര്യമാണ്. ഷാജി എൻ കരുൻ പോലുള്ള സിനിമക്കാർ മലയാളതിന്റെ ആവശ്യമാണ്.

Rating: 3.75 (As a art movie, but may get a lower rating if I rate its entertainment value)
BO Verdict: May not make money, because it does not connect to masses who come to theatre for masala entertainment.

No comments:

Post a Comment